ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ഡന്റന്‍ കൂലി അന്തരിച്ചു –

10:57 pm 19/11/2016

പി. പി. ചെറിയാന്‍
Newsimg1_60363573
ഹൂസ്റ്റണ്‍ : ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ. ഡെന്റന്‍ കൂലി(96) നവംബര്‍ 18 വെളളിയാഴ്ച ഹൂസ്റ്റണിലുളള സ്വവസതിയില്‍ അന്തരിച്ചു. ടെക്‌സസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപകനായ ഡോ. കൂലി അമേരിക്കയിലെ ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതിന് നേതൃത്വം നല്‍കിയിരുന്നു.

സൗത്ത് ആഫ്രിക്കയിലെ ഡോ. ക്രിസ്ത്യന്‍ ബര്‍ണാഡ് ലോകത്തിന്റെ ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതിനു ഒരു വര്‍ഷത്തിനുശേഷം 1968ലായിരുന്നു അമേരിക്കയിലെ ആദ്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. 100,000 ത്തിലധികം ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടറെ തേടി പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളാണ് എത്തയിട്ടുണ്ട്.

നാല്പത്തിയേഴ് വയസുകാരനായ ഒരു രോഗിക്ക് ഹൃദയം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് 1969 ഏപ്രല്‍ 4ന് കൃത്രിമ ഹൃദയം വെച്ചു പിടിപ്പിച്ചതിലും ഡോ. കൂലി വിജയിച്ചിരുന്നു. 1982ലാണ് സ്ഥിരമായി കൃത്രിമ ഹൃദയം വെച്ചു പിടിപ്പിക്കല്‍ ശസ്ത്രക്രിയ യൂട്ടായില്‍ നടന്നത്. ആധുനിക വൈദ്യശാസ്ത്രത്തിനു നിരവധി സംഭാവനകള്‍ നല്‍കിയിട്ടുളള ഡോക്ടറുടെ നിര്യാണം ലോകത്തിനും പ്രത്യേകിച്ച് അമേരിക്കക്കാര്‍ക്ക് തീരാ നഷ്ടമാണെന്ന് പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷ് ഭാര്യ ബാര്‍ബര എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.