തീവ്രവാദ മുദ്രകുത്താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് സാകിര്‍ നായിക്

08:33 am 11/09/2016
images (1)
ന്യൂഡല്‍ഹി: മുസ്ലിം സമൂഹത്തിലെ അറിയപ്പെടുന്ന ഒരാളായതാണ് താന്‍ ലക്ഷ്യംവെക്കപ്പെടാനുള്ള കാരണമെന്നും സമുദായത്തെ ആക്രമിക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ പ്രചാരണങ്ങളെന്നും പ്രമുഖ ഇസ്ലാം മതപ്രചാരകന്‍ സാകിര്‍ നായിക്.

ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം അദ്ദേഹം ഉന്നയിക്കുന്നത്. നായിക്കിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയും അദ്ദേഹത്തിന്‍െറ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനെതിരെ നടപടിയുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് തുറന്ന കത്ത് പുറത്തുവിട്ടിരിക്കുന്നത്. തനിക്കെതിരെ തെളിവുകളില്ല എന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നില്ളെന്നും അദ്ദേഹം കത്തില്‍ ആരോപിക്കുന്നു. കഴിഞ്ഞ 25 വര്‍ഷമായി ഇസ്ലാം സംബന്ധമായി പ്രഭാഷണങ്ങള്‍ നടത്തുന്ന തന്നെ ഇപ്പോള്‍ ആക്രമിക്കുന്നതിന്‍െറ ലക്ഷ്യമെന്തെന്നതടക്കം അഞ്ചു ചോദ്യങ്ങള്‍ നായിക് കത്തില്‍ ഉന്നയിക്കുന്നു.
തന്‍െറ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ളെന്ന മുന്‍കാല അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ സര്‍ക്കാര്‍ പുതിയ അന്വേഷണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തീവ്രവാദ മുദ്രകുത്താന്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഐ.ആര്‍.എഫിന്‍െറ വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിയ നടപടിയെയും അദ്ദേഹം കത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. എന്നെയും ഐ.ആര്‍.എഫിനെയും നിരോധിക്കുകയാണെങ്കില്‍ രാജ്യത്തിന്‍െറ ജനാധിപത്യത്തിന് അതൊരു തിരിച്ചടിയായിരിക്കും. ഇന്ത്യയിലെ 20 കോടിയോളം വരുന്ന മുസ്ലിംകള്‍ക്കെതിരായ അനീതിക്കാവും അത് തുടക്കംകുറിക്കുക. നിങ്ങള്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി വിലയിരുത്തുന്നുണ്ടെങ്കില്‍, സര്‍ക്കാറിന്‍െറ പുതിയ നടപടികള്‍ അസഹിഷ്ണുതയെ എക്കാലത്തെയും ഉയര്‍ന്ന നിലയിലത്തെിക്കും -അദ്ദേഹം കത്തില്‍ പറഞ്ഞു.

തന്‍െറ ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചതായി കണ്ടത്തെുകയാണെങ്കില്‍ ഏതുവിധേനയും ശിക്ഷിക്കാമെന്നും ഏതന്വേഷണത്തിനും സന്നദ്ധമാണെന്നും അദ്ദേഹം കത്തില്‍ ആവര്‍ത്തിച്ചു.