10.50 PM 18-10-2016
സഹാറന്‍പുര്‍: നരേന്ദ്ര മോദിയുടെ സ്ഥിരം വിമര്‍ശകനായ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന് പ്രധാനമന്ത്രിക്കെതിരേ പരിഹാസവുമായി രംഗത്ത്. പ്രധാനമന്ത്രിയുടെ മിക്ക കഴിവുകളും തനിക്കുണ്ടെന്നും ഇതിനാല്‍ തനിക്കു പ്രധാനമന്ത്രിയാകാന്‍ സാധിക്കുമെന്നുമാണ് അസം ഖാന്റെ വാദം. ചായയടി, നല്ല വസ്ത്രം ധരിക്കല്‍, ചെണ്ട കൊട്ടല്‍ എന്നിവയാണ് പ്രധാനമന്ത്രി പദത്തിലേക്ക് തനിക്കുള്ള യോഗ്യതയായി അസം ഖാന് ചൂണ്ടിക്കാട്ടുന്നത്.
പ്രധാനമന്ത്രിയായിരിക്കാനുള്ള എല്ലാ യോഗ്യതയും എനിക്കുന്നുണ്ട്. എനിക്ക് ചായയുണ്ടാക്കാന്‍ കഴിയും, ചെണ്ട കൊട്ടാന്‍ കഴിയും. നല്ല വസ്ത്രങ്ങള്‍ ധരിക്കാനും നന്നായി ഭക്ഷണമുണ്ടാക്കാനും അറിയാം. കാണാനും മോശമല്ല, അഴിമതിക്കാരനുമല്ല. ഇങ്ങനെയുള്ള എനിക്ക് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയുണ്ട്. ഞാന്‍ പ്രധാനമന്ത്രിയായാല്‍ 130 കോടി ജനങ്ങളുടെ അക്കൗണ്ടിലേക്ക് ആറു മാസത്തിനുള്ളില്‍ 20 ലക്ഷം രൂപ വീതം ഇട്ടു നല്‍കുമെന്ന് ഉറപ്പുതരുന്നു. ഞാന്‍ വാക്കുപാലിക്കാത്ത മറ്റുള്ളവരെപോലെയല്ല സഹാറന്‍പൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെ അസം ഖാന് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കള്ളപ്പണം പിടിച്ചെടുത്ത് ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന മോദിയുടെ വാഗ്ദാനത്തെ പരിഹസിച്ചായിരുന്നു ഖാന്റെ പരാമര്‍ശം.
രാജ്യത്ത് ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ മോദി പാക്കിസ്ഥാനിലേക്കു ഷാളുകള്‍ കയറ്റിവിട്ടശേഷം മാങ്ങാ പെട്ടികള്‍ വരുന്നതിനായി കാത്തിരിക്കുകയാണെന്നും അസം ഖാന് പരിഹസിച്ചു.