09.58PM 27/10/2016
കൊച്ചി: ഇന്ത്യയും ന്യൂസിലാന്‍സുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെട്ടു വരുന്നതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്കീ.നെടുമ്പാശേരി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമായി. ലോകത്തെ തന്നെ ഏറ്റവും മനോഹരവും മികച്ചതുമായ രാജ്യാന്തര വിമാനത്താവളമാണ് കൊച്ചിയിലേത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധത്തിന് ഇത് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലാന്റിലെ രാജ്യാന്തര പൈലറ്റ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ആലോചിക്കാവുന്നതാണെന്നും ജോണ്‍ കീ പറഞ്ഞു. 27ന് വൈകീട്ട് 5.10ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹത്തെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്, എയര്‍ പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ നായര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെ നിര്‍മാണം അന്തിമഘട്ടത്തിലെത്തി നില്ക്കുന്ന പുതിയ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ ടി3 അദ്ദേഹം സന്ദര്‍ശിച്ചു. ഇവിടെ ബാഗേജ് കൈകാര്യം ചെയ്യുന്നതിന് കണ്‍വെയര്‍ ബെല്‍റ്റുകളും എക്സ് റേ യന്ത്രങ്ങളും മറ്റ് അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്ന ന്യൂസിലന്‍ഡ് കമ്പനിയായ ഗ്ലൈഡ് പാത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ജോണ്കീ എത്തിയത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഇന്‍ലൈന്‍ ബാഗേജ് ഹാന്‍ഡ് ലിങ് സംവിധാനത്തെക്കുറിച്ച് ജോണ്‍ കീ വി.ജെ കുര്യനോടും ഗ്ലൈഡ് പാത്ത് ചെയര്മാന് കെന്‍ സ്റ്റീവന്സണോടും വിശദമായി ചോദിച്ച് മനസിലാക്കി. രാജ്യത്താദ്യമായി കളര്‍ സി.ടി.സ്കാനറുപയോഗിച്ച് രണ്ടാം ഘട്ട ബാഗേജ് സ്ക്രീനിങ്ങ് നടത്തുന്ന സംവിധാനമാണ് ടി 3 യില്‍ ഒരുക്കിയിട്ടുള്ളത്. ബാഗേജിന്റെ ത്രിമാന കളര്‍ ദൃശ്യങ്ങളും ബാഗിനുള്ളിലെ ജൈവ, അജൈവ വസ്തുക്കളും വ്യക്തമായി മനസിലാക്കാന്‍ കഴിയും. നൂറ് കോടിയോളം രൂപ ചെലവിട്ടാണ് സിയാല്‍ ഇത് സ്ഥാപിച്ചിട്ടുള്ളത്. 1100 കോടി രൂപ മുടക്കി നിര്‍മിച്ചിട്ടുള്ള മൂന്നാം ടെര്‍മിനല്‍ അവസാനഘട്ട നിര്‍മാണത്തിലാണ്.
ഭാര്യ ബ്രൊണാഹ് കീ, ഇന്ത്യയിലെ ന്യൂസിലന്റ് ഹൈക്കമ്മീഷണര്‍ ഗ്രേയം മോര്‍ട്ടന്‍, ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജീവ് കോലി എന്നിവര്‍ ഉള്‍പ്പെടെ 81 അംഗ പ്രതിനിധി സംഘം ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. വൈകിട്ട് 6.30ന് അദ്ദേഹം നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്തോനേഷ്യയിലേക്ക് മടങ്ങി.