ഏഷ്യാകപ്പ് ഫൈനല്‍ ഇന്ന് ഇന്ത്യക്ക് ബംഗ്‌ളാദേശിനെതിരെ

11:12pm 6/3/2016
download (2)
ധാക്ക: ഷേരെ ബംഗ്‌ളാ സ്‌റ്റേഡിയത്തില്‍ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ബംഗ്‌ളാദേശിനെ തോല്‍പിച്ച് ഇന്ത്യ വന്‍കരയുടെ കിരീടം ഒരിക്കല്‍കൂടി അണിഞ്ഞാല്‍ അത് നീലപ്പടക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലേക്കുള്ള എക്‌സ്ട്രാ എനര്‍ജിയാവും. മാര്‍ച്ച് എട്ടിന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിലെ കലാശപ്പോരാട്ടത്തിന് ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത വേദിയാവുമ്പോള്‍ ധാക്കയില്‍ നേടുന്ന കിരീടവുമായി ഇന്ത്യ എത്തിയെങ്കിലേ ആരാധകര്‍ക്കും മതിയാവൂ. ധാക്കയിലേത്, ലോകകപ്പിന്റെ ഒരു സെമിഫൈനല്‍.
കുട്ടിക്രിക്കറ്റിന്റെ വമ്പന്‍ പൂരത്തിനുള്ള സാമ്പ്ള്‍ പോരാട്ടത്തിനാണ് ഞായറാഴ്ച ടോസ് വീഴുന്നത്. മൂന്നു പതിറ്റാണ്ട് പാരമ്പര്യമുള്ള ഏഷ്യാകപ്പില്‍ ഇതാദ്യമായി ട്വന്റി20 അരങ്ങേറിയപ്പോള്‍ ചരിത്രംകുറിക്കാനാണ് ബംഗ്‌ളാദേശിന്റെ തയാറെടുപ്പ്. 1984ല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യ അഞ്ചുതവണ ജേതാക്കളായിരുന്നു. ഏറ്റവുമൊടുവില്‍ 2010ല്‍. എന്നാല്‍, ഇതുവരെ ഫൈനല്‍ കളിച്ചില്‌ളെന്ന പേരുദോഷം മാറ്റി, ആദ്യാവസരംതന്നെ കിരീടനേട്ടത്തിന്റെ പകിട്ടുള്ളതാക്കാനാവും ബംഗ്‌ളാദേശിന്റെ ശ്രമം. ട്വന്റി20യില്‍ ഇന്ത്യതന്നെ കടലാസിലും കളത്തിലും പുലികള്‍. റാങ്കിങ്ങില്‍ ഒന്നാമന്മാരാണ് ധോണിപ്പട. ബംഗ്‌ളാദേശ് പത്താം സ്ഥാനത്തും. എന്നാല്‍, ഫുട്ബാള്‍ മാച്ചിന് സമാനമായ പവര്‍ഗെയിം പോരാട്ടത്തില്‍ റെക്കോഡുകളൊന്നും കളിയെ സ്വാധീനിക്കില്‌ളെന്നാണ് ചുരുങ്ങിയ നാളിലെ ചരിത്രം ബോധ്യപ്പെടുത്തുന്നത്.