പനാജി: ഭീകരതയുടെ കാര്യത്തില്‍ ഭിന്ന നിലപാട് അംഗീകരിക്കാനാവില്ളെന്നും ഒരു രാജ്യവും ഭീകരതയുടെ ഭീഷണിയില്‍നിന്ന് മുക്തമല്ളെന്നും ഇന്ത്യ. ബ്രിക്സ് ഉച്ചകോടിക്കത്തെിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ജയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് ഐക്യരാഷ്ട്രസഭ നിരോധമേര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന എതിര്‍ത്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രഖ്യാപനം. ഇന്ത്യയും ചൈനയും ഭീകരതയുടെ ഇരകളാണെന്നും മേഖല ഈ ഭീഷണിയുടെ കെടുതികള്‍ അനുഭവിക്കുകയാണെന്നും മോദി വ്യക്തമാക്കിയതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
മുംബൈ, പത്താന്‍കോട്ട് ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകനായ മസൂദ് അസ്ഹറിന് നിരോധമേര്‍പ്പെടുത്തുന്ന കാര്യത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തിവരുകയാണെന്നും വികാസ് സ്വരൂപ് പറഞ്ഞു. ഇന്ത്യയുടെ ആവശ്യത്തില്‍ യുക്തിയുണ്ടെന്ന് ചൈന മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മസൂദ് അസ്ഹറിന് നിരോധമേര്‍പ്പെടുത്തണമെന്ന ആവശ്യം രണ്ടാം തവണയും ചൈന എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളതെന്നും ചൈന വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ്, ഭീകരതയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ അംഗീകരിക്കാനാവില്ളെന്ന് ഇന്ത്യ തുറന്നടിച്ചത്. ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് ചൈനയും ഇന്ത്യയും ഉടന്‍ ചര്‍ച്ച നടത്താനും തീരുമാനമായി.