10.48 AM 30/10/2016
കുരങ്ങന്മാരെ കൊല്ലുകയോ വന്ധ്യംകരിക്കാനായി പിടിച്ചുകൊടുക്കുകയോ ചെയ്യുന്നവര്‍ക്ക് പണം പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. വീടുകള്‍ക്കും കൃഷി സ്ഥലങ്ങളിലുമുണ്ടാക്കുന്ന വ്യാപക നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് 37 താലൂക്കുകളില്‍ നേരത്തെ തന്നെ കുരങ്ങന്മാരെ ശല്യക്കാരായ ജീവികളായി പ്രഖ്യാപിച്ചിരുന്നു. 53 താലൂക്കുകള്‍ കൂടി ഇതിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സംസ്ഥാന വനം-പരിസ്ഥിതി മന്ത്രാലയം ആലോചിക്കുകയാണ്.
ഇതിനിടെയാണ് കുരങ്ങന്മാരെ കൊല്ലുകയോ പിടിച്ചുകൊടുക്കുകയോ ചെയ്യുന്നവര്‍ക്കുള്ള സമ്മാനത്തുക ഉയര്‍ത്തിക്കൊണ്ട് സംസ്ഥാന വനം വകുപ്പ് മന്ത്രി താക്കൂര്‍ സിങ് ഭാര്‍മൗരി പുതിയ പ്രഖ്യാപനം നടത്തിയത്. ഒരു കുരങ്ങനെ കൊല്ലുന്നവര്‍ക്ക് പ്രതിഫലമായി 500 രൂപ സര്‍ക്കാര്‍ നല്‍കും. വന്ധ്യംകരിക്കാന്‍ കുരങ്ങന്മാരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 700 രൂപയാണ് പ്രതിഫലം. ഒരു പ്രത്യേക കൂട്ടത്തിലുള്ള കുരങ്ങന്മാരില് 80 ശതമാനത്തെയും ഒരാള്‍ക്ക് തന്നെ പിടിക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് ഒരു കുരങ്ങന് 1000 രൂപ എന്ന കണക്കിലായിരിക്കും സമ്മാനത്തുക. കുരങ്ങന്മാര് കൂട്ടമായി മാത്രമേ ജീവിക്കുകയുള്ളൂവെന്നും സ്വന്തം കൂട്ടത്തിലുള്ളവര്‍ക്ക് സംഭവിക്കുന്ന ആപത്തുകള്‍ അവയുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാലാണ് ഉയര്‍ന്ന പ്രതിഫലം നല്‍കുന്നത്.
കുരങ്ങ് നിയന്ത്രണത്തിന് വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുന്നതിനും പണം നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ പുതിയ പ്രഖ്യാപനവും കാര്യമായ ഫലം ചെയ്യില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. വന്ധ്യംകരണത്തിനായി 20 കോടി രൂപ ഇതിനോടകം ചിലവഴിച്ചിട്ടും ഒരു ഗുണവുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.