ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ഗൂഡല്ലൂര്‍ താലൂക്കില്‍പ്പെട്ട ദേവര്‍ഷോല പഞ്ചായത്തിലെ ജനങ്ങളെയും സ്വകാര്യ എസ്റ്റേറ്റു തൊഴിലാളികളെയും ഒരാഴ്ചയോളം ഭീതിയിലാക്കിയ നരഭോജി കടുവയെ വെടിവെച്ചുകൊന്നു. ഏഴുവയസ് കണക്കാക്കുന്ന ആണ്‍കടുവയെയാണ് ജീവനോടെ പിടിക്കൂടാനുള്ള ശ്രമം ഫലിക്കാതെ വന്നപ്പോള്‍ സ്പെഷല്‍ ടാസ്ക് ഫോഴ്സ് വെടിവെച്ചുകൊന്നത്.
കടുവയെ വെടിവെക്കുന്നതിനിടെ രണ്ട് പൊലീസുകാര്‍ക്കും പരിക്കറ്റു. എസ്.ടി.എഫ് ഫോഴ്സിലെ സന്തോഷിനും ഊട്ടി ആംഡ് ഫോഴ്സിലെ രവിക്കുമാണ് പരിക്കേറ്റത്. കടുവയെ തിരച്ചില്‍ നടത്തിവന്ന സന്തോഷും രവിയും ഫയര്ചെയ്ത ഭാഗത്തേക്ക് ഓടിയത്തെിയപ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു. ആദ്യം ഗൂഡല്ലൂര്‍ താലൂക്കാശുപത്രിയിലാണ് ഇവരെ എത്തിച്ചത്. പിന്നീട് സന്തോഷിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും രവിയെ ഊട്ടി ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി. നീലഗിരി എസ്.പി മുരളീ രംഭ പൊലീസ് കാരുടെ ചികിത്സാകര്യങ്ങള്ക്ക് മേല്‍നോട്ടം വഹിച്ചു.
കഴിഞ്ഞ 12ന് സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളിയായ മെഗുവാരനെ(48) കടുവ കൊന്നുതിന്നിരുന്നു. ജാര്‍ഖണ്ഡില്‍ നിന്നുള്ള താല്‍ക്കാലിക തൊഴിലാളിയാണ് മെഗുവാരന്. മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ ഇദ്ദേഹത്തെ കടുവ പിടിക്കൂടി കൊന്നുതിന്നുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് ജഡം അരകിലോമീറ്റര്‍ അകലെ തലയും കാലും ബാക്കിവെച്ചനിലയില് കണ്ടെത്തിയത്. അന്നുമുതല്‍ തെരച്ചില്‍ നടത്തിയ സ്പെഷല്‍ ടീം ഒരാഴ്ചയോളം നീരീക്ഷണം നടത്തി ജീവനോടെ പിടിക്കൂടാന്‍ നോക്കിയെങ്കിലും അവസാനം വെടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.