ജാട്ട് സംവരണ പ്രക്ഷോഭം : മരണസംഖ്യ പത്തായി

09:42AM 22/2/2016
download (2)

ന്യൂഡല്‍ഹി : ഹരിയാനയില്‍ ജാട്ട് സമുദായക്കാര്‍ സംവരണം ആവശ്യപ്പെട്ടു നടത്തുന്ന പ്രക്ഷോഭത്തില്‍ ഇന്നലെ രണ്ടുപേര്‍ കൂടി സുരക്ഷാ സേനയുടെ വെടിയേറ്റുമരിച്ചു. പ്രക്ഷോഭം എട്ടു ദിവസം പിന്നിട്ടതോടെ മരിച്ച പ്രക്ഷോഭകരുടെ എണ്ണം പത്തായി. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഇന്നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നു നടത്താനിരുന്ന പരീക്ഷകളും പ്രവേശന നടപടികളും മാറ്റിവച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
ഹരിയാനയിലെ ഭിവാനിയിലും സോനിപത്തിലും ഇന്നലെ പ്രക്ഷോഭകാരികള്‍ ആക്രമണം അഴിച്ചുവിട്ടു. ഇവിടെ രണ്ടു പോലീസ് സ്റ്റേഷനുകളും കടകളും എ.ടി.എമ്മുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. റോത്തക്, ഝജ്ജാര്‍ ജില്ലകളില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പിലാണ് പ്രക്ഷോഭകാരികള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടത്. പരുക്കേറ്റ് 80 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
ഇതുവരെ ആയിരത്തോളം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും വഴി തിരിച്ചുവിടുയും ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തെത്തുടര്‍ന്ന് റെയില്‍വേയ്ക്ക് 200 കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. മാരുതി സുസുക്കി ഗുഡ്ഗാവിലെയും മനേസറിലെയും ഫാക്ടറികളിലെ ഉത്പാദനം നിര്‍ത്തിവച്ചു.
ഇതിനിടെ പ്രതിഷേധക്കാര്‍ മുനക് കനാല്‍ അടച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള ജലവിതരണം തടസപ്പെട്ടു. ഡല്‍ഹിയിലെ സുപ്രധാന ജനവാസ കേന്ദ്രങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. കനാലില്‍ നിന്നുള്ള വെള്ളം നിലച്ചതോടെ ഡല്‍ഹിയിലെ ജലശുദ്ധീകരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലച്ചു. സംഭവത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു.
ജാട്ട് പ്രക്ഷോഭത്തെത്തുടര്‍ന്ന് കലുഷിതമായ ഹരിയാനയിലെ സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമായതായി ഡി.ജി.പി: വൈ.പി. സിംഗാള്‍ പറഞ്ഞു. പ്രക്ഷോഭകാരികളെ നേരിടാന്‍ 69 കോളം സൈന്യത്തെയാണ് നിയോഗിച്ചത്. അക്രമസംഭവങ്ങളില്‍ ഇതുവരെ 191 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനൊപ്പം പ്രക്ഷോഭകര്‍ തടസപ്പെടുത്തിയ ജലവിതരണം പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ടെന്നു ഡി.ജി.പി. പറഞ്ഞു.