09:08am 25//3/2016
ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് നേതൃത്വം നല്‍കുന്ന സബ്രംഗ് ട്രസ്റ്റിന്റെ വിദേശസംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുന്നു. വിദേശസംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായാണ് വിവരം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ ട്രസ്റ്റിന്റെ ലൈസന്‍സ് മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വിദേശസംഭാവനയുടെ 50 ശതമാനത്തിലേറെ ഭരണനിര്‍വഹണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നിരിക്കെ ടീസ്റ്റയുടെ സംഘടന 65 ശതമാനം വരെ തുക കേന്ദ്ര അനുമതി തേടാതെ ഈ ആവശ്യത്തിന് ചെലവഴിച്ചെന്നായിരുന്നു അനുമതി സസ്‌പെന്‍ഡ് ചെയ്യാന്‍ പറഞ്ഞ കാരണം.
ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും നിയന്ത്രിക്കുന്ന സബ്രംഗ് കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തിന് തുക വകമാറ്റി എന്നതായിരുന്നു മറ്റൊരു കാരണം.
ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ നിര്‍ദേശിച്ചതുപ്രകാരം സംഘടന സര്‍ക്കാറിന് മറുപടിനല്‍കിയിരുന്നു. എന്നാല്‍, മറുപടി തൃപ്തികരമല്‌ളെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഈ മാസം 10ന് സസ്‌പെന്‍ഷന്‍ കാലം അവസാനിച്ചു. ഇതോടെയാണ് കടുത്ത നടപടിക്ക് അധികൃതര്‍ ഒരുങ്ങുന്നത്.