ഡല്‍ഹിയിലെ സംഘര്‍ഷം: ഉത്തരവാദികള്‍ കേന്ദ്രത്തില്‍ തന്നെ -കെജ് രിവാള്‍

09:19am
19/2/2016
images

ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിയിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. തങ്ങളുടെ മേധാവിയില്‍ നിന്നും നിര്‍ദേശം ലഭിക്കാത്തതിനാല്‍ ഡല്‍ഹി പൊലീസ് എല്ലാം കണ്ടുനില്‍ക്കുകയായിരുന്നുവെന്നും കെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരാണ് ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്നത്. അതിനാല്‍ കേന്ദ്രം തന്നെയാണ് സംഘര്‍ഷത്തിന്റെ ഉത്തരവാദികളെന്നും കെജ് രിവാള്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം നല്‍കിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂനിഫോമിട്ട സേന മാത്രമാണ് ഡല്‍ഹി പൊലീസ്. അവരുടെ നേതാവായ കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ മാത്രമേ അവര്‍ ചെയ്യാറുള്ളൂ. നേതാവ് വെടിവെക്കാന്‍ പറഞ്ഞാല്‍ അവര്‍ വെടിവെക്കും. ഡല്‍ഹിയിലെ ക്രമസമാധാന നില തകരുന്നത് രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ നാലോ അഞ്ചോ പേരെ കണ്ടെത്താന്‍ സാധിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് പത്താന്‍കോട്ട് ആക്രമണം നടത്തിയവരെ പിടികൂടുകയെന്നും കെജ് രിവാള്‍ ചോദിച്ചു.