ന്യൂഡല്‍ഹി: ഡല്‍ഹി പ്രസ് ക്ലബില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട് കേസില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ ലക്ചറര്‍ എസ്.എ.ആര്‍ ഗീലാനി അറസ്റ്റില്‍. രാജ്യദ്രോഹകുറ്റം ചുമത്തി ഇന്നു രാവിലെയാണ് ഗീലാനിയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഗീലാനിയെ പാര്‍ലമെന്റ് സ്ട്രീറ്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയായിരുന്നു.
ഇന്നു പുലര്‍ച്ചെ മൂന്നിനാണ് ഗീലാനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി സെക്ഷന്‍ 124 എ( രാജ്യദ്രോഹം), 120 ബി(ക്രിമിനല്‍ ഗൂഢാലോചന), 149 (നിയമവിരുദ്ധമായി സംഘംചേരല്‍), തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തുടര്‍ന്ന് ആര്‍.എം.എല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍ ജതിന്‍ നര്‍വാള്‍ പറഞ്ഞു.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങ് ഫെബ്രുവരി ഒമ്പതിന് സംഘടിപ്പിച്ചതിന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹകുറ്റം ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.