തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദർഗയിൽ പ്രവേശിച്ചു

11:44 AM 12/05/2016
download (3)
മുംബൈ: ‘ഭൂമാതാ ബ്രിഗേഡ്’ പ്രവര്‍ത്തക തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് വിലക്ക് നിലനില്‍ക്കെയാണ് നടപടി. വ്യാഴാഴ്ച രാവിലെ കനത്ത സുരക്ഷയിലാണ് ദർഗയിൽ പ്രവേശിച്ചത്. എന്നാൽ ദർഗയുടെ പ്രധാന ഭാഗത്തേക്ക് പ്രവേശിക്കാൻ തൃപ്തിയെ അനുവദിച്ചില്ല.

ഹാജി അലി ദർഗയിൽ താൻ പ്രവേശിച്ചുവെന്നും സ്ത്രീകൾക്ക് പ്രവേശം അനുവദിക്കുന്നത് വരെ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുമെന്നും തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു.

തൃപ്തിയേയും ഏതാനും വനിതാ സന്നദ്ധ പ്രവര്‍ത്തകരേയും കഴിഞ്ഞമാസം ദര്‍ഗയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു.
ശിവസേനയുടെ ന്യൂനപക്ഷ സെല്‍, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ രംഗത്തെത്തെത്തിയിരുന്നു. ആറു നൂറ്റാണ്ട് പഴക്കമുള്ള ദര്‍ഗയില്‍ അ‍ഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമാണ് സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിലക്കു നീക്കണമെന്ന മുസ്ലിം വനിതാ സംഘടനകളുടെ ഹരജി ബോംബേ ഹൈകോടതിയുടെ പരിഗണനയിലാണ്. നേരത്തെ മഹാരാഷ്ട്രയിലെ തന്നെ ഷനി ഷിഗ്്നാപൂര്‍ ക്ഷേത്രത്തില്‍ നടത്തിയ സമരത്തെ തുടർന്ന് സ്ത്രീകള്‍‍ക്കുള്ള നിയന്ത്രണം ഹൈകോടതി ഒഴിവാക്കിയിരുന്നു.

ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശം എന്ന ആവശ്യവുമായി ഈ മാസാവസാനം കേരളത്തിലത്തെുമെന്നും തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു. ദൈവത്തിന് സ്ത്രീയെന്നും പുരുഷനെന്നും വിവേചനമില്ലെന്നും പൗരോഹിത്യമാണ് ആ വിവേചനം സൃഷ്ടിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു