11:56 AM 19/10/2016
ന്യൂഡൽഹി: ദേശീയ കബഡി ചാമ്പ്യനായ രോഹിത് ചില്ലാറിന്റെ ഭാര്യ ലളിത ആത്മഹത്യ ചെയ്തു. ആത്മഹത്യക്ക് തൊട്ടുമുൻപ് ചിത്രീകരിച്ച രണ്ടു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോയിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്ന് വിശദീകരിച്ചിട്ടുണ്ട്. നിലവിൽ ബംഗളുരു ബുൾസിലെ കളിക്കാരനാണ് രോഹിത്.
നേവിയിൽ ഉദ്യോഗസ്ഥനായ രോഹിത് മുംബൈയിലായിരുന്ന സമയത്തായിരുന്നു ആത്മഹത്യ. ലളിത എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ ആഴ്ച രോഹിത് ലളിതയോട് വീടുവിട്ടുപോകാൻ ആവശ്യപ്പെട്ടുവെന്നും അതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ആത്മഹത്യക്ക് ശേഷം രോഹിതിന്റെ മാതാപിതാക്കളെ കാണാനില്ലെന്നും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രോഹിതിനെ പൊലീസ് ചോദ്യം ചെയ്തേക്കും.