പങ്കിടലിന്റെ അനുഭവം വിശ്വാസജീവിതത്തിനു മുതല്‍ക്കൂട്ടാകണം:

09:45AM 22/2/2016

ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

മാNewsimg1_94794175

മാരാമണ്‍: മാരാമണ്‍ മണല്‍പ്പുറത്തെ 121-ാം വിശ്വാസസംഗമത്തിനു സമാപനം. മലങ്കര മാര്‍ത്തോമ്മാ സഭയുടെ സുവിശേഷ പ്രസംഗസംഘം നേതൃത്വം നല്‍കി നടന്നുവരുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ ഇക്കൊല്ലത്തെ യോഗം ഇന്നലെ ഉച്ചകഴിഞ്ഞ് സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ആശീര്‍വാദം ഏറ്റുവാങ്ങി സമാപിച്ചു. പരമ്പരാഗതമായ ‘സ്തുതിപ്പിന്‍, സ്തുതിപ്പിന്‍ യേശുദേവനെ …… എന്ന ഗാനം വിശ്വാസസമൂഹം എഴുന്നേറ്റുനിന്ന് ആലപിച്ചപ്പോള്‍ ഒരാഴ്ച മണല്‍പ്പുറത്തുനിന്നു നേടിയ ആത്മീയ ഉണര്‍വും വിശ്വാസികളില്‍ പ്രകടമായി.

ആര്‍ജവസംസ്‌കാരത്തിന്റെ കാലഘട്ടത്തില്‍ പങ്കിടലിന്റെയും പങ്കാളിത്തത്തിന്റെയും അനുഭവമാണ് വിശ്വാസജീവിതത്തിനു മുതല്‍ക്കൂട്ടാകേണ്ടതെന്നു സമാപന സന്ദേശത്തില്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. സാക്ഷ്യനിര്‍വഹണത്തിനു പ്രതിജ്ഞാബദ്ധരായി പന്തലിനു പുറത്തേക്കു പോകാനാണ് കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വറ്റിപ്പോകുന്ന നീതിബോധത്തിനിടയില്‍ ആര്‍ദ്രതയുള്ള മനസാണ് ഇന്നിന്റെ ആവശ്യമെന്ന് സമാപനയോഗത്തില്‍ അധ്യക്ഷത വഹിച്ച മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്‌കോപ്പ പറഞ്ഞു.

ജീവിതങ്ങള്‍ സഭയിലൂടെ സമ്പുഷ്ടമാകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്നു യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ റവ.മാല്‍ക്കം ടാന്‍ പറഞ്ഞു. ആത്മീയ ദാഹം മാറ്റാന്‍ ക്രിസ്തുവിനു കഴിയും. ക്രിസ്തുവിലേക്കുള്ള പാത വെട്ടിത്തുറക്കേണ്ടതു സഭയാണ്. ഇതിലൂടെ നേടുന്ന ആത്മീയശക്തി ലോകത്തു സമാധാനം പകരാനും പരസ്പരം കരുതാനും പ്രോത്സാഹിപ്പിക്കാനും കാരുണ്യം നീട്ടിനല്‍കാനും സഹായിക്കുമെന്നും റവ.മാല്‍ക്കം ടാന്‍ പറഞ്ഞു.

ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പമാരായ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഡോ.യുയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, ഡോ.ഐസക് മാര്‍ പീലക്സിനോസ്, ഡോ.ഏബ്രഹാം മാര്‍ പൗലോസ്, ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ്, മന്ത്രിമാരായ രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എംപി, എംഎല്‍എമാരായ കെ. ശിവദാസന്‍ നായര്‍, രാജു ഏബ്രഹാം, മാത്യു ടി.തോമസ്, തോമസ് ചാണ്ടി, മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടു­ത്തു.