1/2/2016
8:18pm
തൃശൂര്‍: അമേരിക്കന്‍ മലയാളികളടക്കം പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ പ്രശ്‌നം ഉള്‍പ്പടെയുള്ള ബുദ്ധിമുട്ടുകള്‍ അടിയന്തരമായി സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാരം തേടുന്നതിനും സജീവമായി ഇടപെടുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.
പ്രവാസി പ്രശ്‌നങ്ങളോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നിഷേധാത്മക നിലപാടുകളാണ് സാധാരണ സ്വീകരിക്കാറുള്ളത്. ഇക്കാര്യത്തില്‍ കൂട്ടായ സമ്മര്‍ദ്ദം വേണ്ടിവരും. അതിന് താന്‍ കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
പ്രവാസി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഫില്‍മ ഐ.എന്‍.സി പ്രസിഡന്റ് റെജി ജേക്കബ് കാരയ്ക്കല്‍ നല്‍കിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. തൃശൂര്‍ രാമനിലയത്തില്‍ ഞായറാഴ്ച രാവിലെ 10.30നായിരുന്നു കൂടിയാക്കാഴ്ച.
അമേരിക്കയിലേക്ക് പോകുന്നതിനും വരുന്നതിനും എയര്‍ ഇന്ത്യ വിമാനം നേരിട്ട് കേരളത്തിലേക്ക് ഇല്ലാത്തതിനാല്‍ വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നു റെജി ജേക്കബ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ആവശ്യത്തിന് സ്റ്റാഫില്ലാത്തത് യാത്രക്കാരുടെ ദുരിതം വര്‍ധിപ്പിക്കുകയാണ്. മണിക്കൂറുകള്‍ എടുത്ത്, മറ്റ് എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങി ഇവിടെയെത്തുമ്പോഴാണ് ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങള്‍ ഉണ്ടാകുന്നത്. കൊച്ചുകുട്ടികളും, പ്രായമായവരുമായി എത്തുമ്പോഴാണ് ആവശ്യത്തിന് സ്റ്റാഫില്ലാത്തതിന്റെ ദുരിതം രൂക്ഷമാകുന്നത്.
അതിനാല്‍ പ്രായമായവരേയും കുട്ടികളേയുമായി വരുന്നവര്‍ക്ക് രണ്ട് കൗണ്ടര്‍ പ്രത്യേകമായി തുടങ്ങാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് റെജി ജേക്കബ് ചൂണ്ടിക്കാട്ടി. ലഗേജുകള്‍ നഷ്ടപ്പെടുന്നതും, സമയത്ത് കിട്ടാതിരിക്കുന്നതും ഇപ്പോഴും പ്രശ്‌നമാകുന്നുണ്ട്. ഇതു പരിഹരിക്കാന്‍ ലഗേജ് സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നത് നന്നായിരിക്കും.
അതുപോലെ എത്തുന്നദിവസം തന്നെ ഫോണ്‍ സംവിധാനം ലഭിക്കുന്നതിനു നടപടി വേണം. ഇപ്പോള്‍ സിം ആക്ടീവാകുന്നതിനു രണ്ടു ദിവസമെങ്കിലും വേണ്ടിവരുന്ന സാഹചര്യമുണ്ട്. പ്രവാസി വോട്ടവകാശം നിലവില്‍ വന്നാല്‍ അതു കോണ്‍സുലേറ്റ് വഴിയോ, എംബസി വഴിയോ ചെയ്യുന്നതിനു സംവിധാനം ഉണ്ടാകണമെന്നും റെജി ജേക്കബ് ചൂണ്ടിക്കാണ്ടട്ടി.