പട്‌ന: ബിഹാറില്‍ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ വിശ്വേശ്വര്‍ ഓജ അക്രമികള്‍ വെടി വെച്ചു കൊന്നു . ഭോജ്പുര്‍ ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു ഓജക്കുനേരെ ആക്രമണമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഓജ. ബി.ജെ.പിയുടെ തന്നെ മറ്റൊരു നേതാവായ കേദാര്‍ നാഥ് സിങ് ചപ്രയില്‍ വെടിയേറ്റുമരിച്ച് 12 മണിക്കൂര്‍ പിന്നിടും മുമ്പാണ് അടുത്ത കൊലപാതകം. കാട്ടുനീതിയാണ് ബിഹാറില്‍ അരങ്ങേറുന്നതെന്നും മുഖ്യമന്ത്രി ക്രമസമാധാനം നിയന്തിക്കാനായി യോഗങ്ങളുമായി നടക്കുമ്പോള്‍ ക്രിമിനലുകള്‍ നിയന്ത്രണമില്ലാതെ വിലസുകയാണെന്നും ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോദി ആരോപിച്ചു.