11:48am 23/3/2016
ന്യൂഡല്‍ഹി: ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാനാവില്‌ളെന്ന അസദുദ്ദീന്‍ ഉവൈസിയുടെ പ്രസ്താവന വിവാദമാക്കിയ ബി.ജെ.പിക്ക് തിരിച്ചടിയേകി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍. സിഖുകാര്‍ സ്ത്രീയെ ഒരുനിലക്കും ആരാധിക്കുന്നില്‌ളെന്നും അതിനാല്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ സിഖുകാര്‍ക്ക് സാധ്യമല്‌ളെന്നും ശിരോമണി അകാലിദള്‍ (അമൃത്സര്‍) പ്രസിഡന്റ് സിമ്രാന്‍ജിത് സിങ് വ്യക്തമാക്കി. വഹെ ഗുരുജി കാ ഖല്‍സ, വഹെ ഗുരുജി കീ ഫതഹ് (ഈശ്വരന്റെ ഖല്‍സയെ വാഴ്ത്തുക, സര്‍വാധിപനായ ഈശ്വരനെ വാഴ്ത്തുക) എന്ന മുദ്രാവാക്യമാണ് സിഖുകാര്‍ മുഴക്കേണ്ടത്. സിഖുകാര്‍ക്ക് വന്ദേമാതരം ആലപിക്കാനും സാധ്യമല്ല. ഗീത പോലുള്ള ഹിന്ദുഗ്രന്ഥങ്ങള്‍ മറ്റു മതസ്ഥര്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയും അരുത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.