മറാത്ത് വാഡയില്‍ നാലു മാസത്തിനിടെ 400 കര്‍ഷക ആത്മഹത്യ

08:57 AM 25/05/2016
download (2)
മുംബൈ: കൊടും വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയിലെ മറാത്ത്വാഡയില്‍ നാലുമാസത്തിനിടെ ആത്മഹത്യചെയ്തത് 400 കര്‍ഷകര്‍. മറാത്ത്വാഡയിലെ എട്ട് ജില്ലകളില്‍ 16 മാസത്തിനിടെ 1548 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇക്കുറിയും കര്‍ഷക ആത്മഹത്യയില്‍ മുമ്പില്‍ മന്ത്രി പങ്കജ മുണ്ടെയുടെ നാടുള്ള ബീഡ് ജില്ലയാണ്. നാലു മാസത്തിനിടെ 75 പേരാണ് ഇവിടെ ജീവനൊടുക്കിയത്.

മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍െറ നാടായ നാന്ദഡില്‍ 62 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ലാത്തൂരില്‍ 55, ഉസ്മാനാബാദില്‍ 54, ജല്‍നയില്‍ 43, പര്‍ഭണിയില്‍ 39, ഹിങ്കോളിയില്‍ 26 കര്‍ഷകര്‍ വീതം ആത്മഹത്യ ചെയ്തെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷങ്ങളിലെക്കാള്‍ പല മടങ്ങാണ് ഇക്കുറി ആത്മഹത്യ.
ആത്മഹത്യമുക്ത ജില്ലയാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ച ഉസ്മാനാബാദില്‍ കര്‍ഷക ആത്മഹത്യ തടയാന്‍ കഴിഞ്ഞിട്ടില്ല. ആവര്‍ത്തിിച്ചുള്ള വരള്‍ച്ചയും വിളവെടുപ്പിലെ പരാജയവും കടക്കെണിയുമാണ് പ്രധാന കാരണം. വെള്ളം ധാരാളമായി വലിച്ചെടുക്കുന്ന കരിമ്പുകൃഷിക്ക് പകരം മറ്റു കൃഷികളെ അവലംബിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍. 100 ഏക്കറിലുള്ള പരുത്തികൃഷിക്ക് ആവശ്യമായ വെള്ളമാണ് ഒരേക്കര്‍ കരിമ്പു കൃഷിക്ക് വേണ്ടത്. വരള്‍ച്ച രൂക്ഷമായ ബീഡ്, ഉസ്മാനാബാദ് എന്നിവിടങ്ങളില്‍ കരിമ്പു കൃഷിയില്‍നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കുകയാണ് സര്‍ക്കാര്‍.