10.46 PM 18-10-2016
ഇന്‍ഡോര്‍: കരഞ്ഞു ബഹളംവച്ചതിനെ തുടര്‍ന്ന് മൂന്നു വയസുള്ള കുഞ്ഞിനെ അമ്മാവന് കഴുത്തുഞെരിച്ച് കൊന്നു. കഴിഞ്ഞ ഞായറാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം. കേസില്‍ ദിലീപ് ബാഡിയ എന്നയാള്‍ അറസ്റ്റിലായി. ദിലീപിന്റെ സഹോദരി ജാനി ദവാറിന്റെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ജാനിയും ദിലീപും ഒന്നിച്ച് ജോലിക്കുപോയപ്പോഴായിരുന്നു സംഭവം.
ദിലീപിന്റെ പക്കല്‍ കുട്ടിയെ ഏല്‍പ്പിച്ച് ജാനിയ ജോലിക്കായി മാറി. ദിലീപിന്റെ അരികിലുരുന്ന കുട്ടി കരയാന്‍ തുടങ്ങിയതോടെ ഇയാള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കരച്ചില് നിര്‍ത്താതെ വന്നതോടെ കോപംവന്ന ദിലീപ് കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. എന്നാല്‍ ഈ സംഭവം മാതാപിതാക്കളില്‍നിന്നും മറച്ചുവച്ച ദിലീപ് കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇവിടെ എത്തിയപ്പോള്‍ കുട്ടി മരിച്ചിരുന്നു.
ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോസ്റ്റ്മോര്‍ട്ടം ആവശ്യമാണെന്നു പറയുകയും ചെയ്തു. എന്നാല്‍ പോലീസ് എത്തിയപ്പോഴേക്കും ഇയാള്‍ മൃതദേഹവുമായി മുങ്ങി. പോലീസ് വീട്ടിലെത്തി മൃതദേഹം വീണ്ടെടുക്കുകയും പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി ശ്വാസം മുട്ടിമരിച്ചതാണെന്ന് കണ്ടെത്തി. ഇതോടെ ദിലീപിനെ പോലീസ് ചോദ്യം ചെയ്യുകയും സത്യം പുറത്തുവരികയുമായിരുന്നു.