9:29am 8/3/2016
ന്യൂഡല്‍ഹി: ഈ മാസം 11 മുതല്‍ യമുനാതീരത്ത് നടക്കുന്ന ശ്രീശ്രീ രവിശങ്കറിന്റെ ലോക സാംസ്‌കാരിക സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കില്ല. പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവര്‍ക്കൊപ്പം രവിശങ്കറിന്റെ ചിത്രം വെച്ച പരസ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടയിലാണ് സമ്മേളനത്തിനുണ്ടാവില്‌ളെന്ന് രാഷ്ട്രപതി വൃത്തങ്ങള്‍ അറിയിച്ചത്.
നൂറുകണക്കിന് ഏക്കറിലെ കൃഷികള്‍ നശിപ്പിച്ചും പാവങ്ങളെ കുടിയിറക്കിയും മരങ്ങള്‍ വെട്ടിമുറിച്ചുമാണ് സമ്മേളനത്തിന് വിശാലമായ വേദി ഒരുക്കുന്നതെന്ന വിമര്‍ശം നിലനില്‍ക്കുന്നുണ്ട്. വേദി പണിയാനായി നീരൊഴുക്ക് വഴിമാറ്റിയതും ലക്ഷങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ മാലിന്യം കുന്നുകൂടുന്നതും യമുനാ നദിക്ക് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിപാടിക്ക് അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ട്രൈബ്യൂണല്‍ ചൊവ്വാഴ്ച വിധി പറയുമെന്നറിയുന്നു. അതിനിടെ യമുനയെ മലിനപ്പെടുത്തുമെന്ന ആരോപണം ഇക്കൊല്ലത്തെ ഏറ്റവും വലിയ തമാശയാണെന്നു വിശേഷിപ്പിച്ച രവിശങ്കര്‍ മുടക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇത്തരമൊരു സമാധാന സന്ദേശ പരിപാടി നടത്താന്‍ യമുനാതീരം തെരഞ്ഞെടുത്തതിന് തങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടിയിരുന്നതെന്ന് പറഞ്ഞു.