വിദ്യാര്‍ത്ഥികളുടേതല്ല; ദേശദ്രോഹ മുദ്രാവാക്യം

10:11am 25/2/2016
1456364274_jnu

ന്യൂഡല്‍ഹി: ദേശദ്രോഹ വിവാദം കത്തിപ്പടരുന്ന ജെഎന്‍യു വിഷയത്തില്‍ അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ മുദ്രാവാക്യം വിളിച്ചത് പുറത്ത് നിന്നുള്ളവര്‍. ഒരു ബോളിവുഡ് സസ്പെന്‍സ് ത്രില്ലര്‍ സിനിമ പോലെ നാടകീയമായിക്കൊണ്ടിരിക്കുന്ന വിഷയത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ അല്ലെന്ന് തെളിയിക്കുന്ന പുതിയ വീഡിയോയും രംഗത്ത് വന്നു.
പുറമേ നിന്ന് വന്ന ചിലരാണ് ഇക്കാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് വന്നിരിക്കുന്നത്. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലായി മുഖം മറച്ച ചിലര്‍ ദേശദ്രോഹ മുദ്രാവാക്യം വിളിക്കുന്നത് വ്യക്തമാണ്. അതേസമയം ഡല്‍ഹി ഹൈക്കോടതിയില്‍ ചൊവ്വാഴ്ച പോലീസ് സമര്‍പ്പിച്ച വീഡിയോയുടെ ആധികാരികത സംബന്ധിച്ച തീര്‍പ്പ് ഇതുവരെ ഉണ്ടായിട്ടില്ല. ഇക്കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ അല്ലാത്ത എട്ടുപേരെ കൃത്യമായി മാര്‍ക്ക് ചെയ്ത് ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് അന്വേഷിക്കാനുള്ള നീക്കത്തിലാണ് പോലീസ്. പരിപാടിയില്‍ പങ്കെടുത്ത ഉമര്‍ഖാലിദും ദൃശ്യങ്ങളില്‍ ഉണ്ടെങ്കിലും ഇയാള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതായി ദൃശ്യങ്ങളില്‍ ഇല്ല. ക്യാമ്പസില്‍ ഫെബ്രുവരി 9 ന് അഫ്സല്‍ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചത് കനയ്യകുമാറാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജദൃശ്യമല്ലെന്നും മറ്റ് തെളിവുകളുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടെന്നും പോലീസ് പറഞ്ഞു.