09:22 am 3/11/2016
ന്യൂഡൽഹി: ആത്മഹത്യ ചെയ്ത വിമുക്ത സൈനികന്‍റെ കുടുംബത്തെ കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ദുഃഖത്തിലായ ഒരു കുടുംബത്തെ ആശ്വസിപ്പിക്കാൻ പോകുന്നവരെ തടയുകയല്ല ചെയ്യേണ്ടത്. ആശ്വസിപ്പിക്കാൻ പോകുന്നത് തെറ്റാണോ എന്നും രാഹുൽ ചോദിച്ചു.
സൈനികന്‍റെ കുടുംബവുമായി സംസാരിക്കാൻ രണ്ട് മിനിട്ടാണ് ആവശ്യപ്പെട്ടത്. എന്നാൽ, തന്നോട് സംസാരിക്കാൻ എത്തിയ കുടുംബത്തെ മർദിക്കുകയും വലിച്ചിഴച്ച് കൊണ്ടു പോവുകയുമാണ് പൊലീസ് ചെയ്തത്. വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്രസർക്കാർ മാപ്പുപറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രണ്ടാമത്തെ തവണയും പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
അതേസമയം, രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് നടപടിയെ ന്യായീകരിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തി. ഡൽഹി പൊലീസ് അവരുടെ ജോലി ചെയ്തെന്നാണ് ആഭ്യന്തര മന്ത്രി പ്രതികരിച്ചത്.