ന്യൂഡല്‍ഹി: സ്മൃതി ഇറാനി മാനവ വിഭവശേഷി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍. വിദ്യാഭ്യാസ രംഗത്തെ പുരോഗമന നടപടികള്‍ക്ക് എതിര് നില്ക്കുന്ന സ്മൃതിക്ക് മന്ത്രിപദവിയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്നും കനയ്യ പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് തന്റെ ആഗ്രഹം. ജെ.എന്‍.യുവില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ പരസ്പരം മത്സരിക്കുന്ന അവസ്ഥ ഇല്ലാതാക്കാന്‍ ശ്രമിക്കും. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ കനയ്യ കുമാര്‍ വ്യക്തമാക്കി.
ജയില്‍ മോചിതനായ കനയ്യ കുമാര്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ചിരുന്നു. ജെ.എന്‍.യുവിനെതിരായ വേട്ട ആസൂത്രിതമാണെന്നും ഒക്യുപൈ യു.ജി.സി സമരവും രോഹിതിന് നീതിതേടിയുള്ള സമരവും അട്ടിമറിക്കുകയുമാണ് അവരുടെ ലക്ഷ്യമെന്നും കനയ്യ ആരോപിച്ചു. ജനവിരുദ്ധ സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ അവര്‍ വ്യാജ വിഡിയോ സൃഷ്ടിക്കുമെന്നും നിങ്ങളുടെ ഹോസ്റ്റല്‍ വളപ്പില്‍ വന്ന് ഉറയെണ്ണുമെന്നും കനയ്യ ചൂണ്ടിക്കാട്ടിയിരുന്നു.