09:40 am 13/10/2016
കൊച്ചി: നെടുമ്പാശേരിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് സ്കൂളിന്‍റെ അവകാശവുമായി ബന്ധപ്പെട്ട് നിലിനല്‍ക്കുന്ന തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ സ്കൂളിന് മുന്നില്‍ നിരാഹാരം ആരംഭിച്ചിട്ടുണ്ട്.
മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മില്‍ കാലങ്ങളായി നിയമയുദ്ധം നടന്നുവരികയാണ്. സ്കൂളിന്‍റെ കനകജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചത്. പരിപാടി നടത്താന്‍ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് നേരത്തെ യാക്കോബായസഭ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു.
ഓര്‍ത്തഡോക്സ് സഭയുടെ കൈവശമിരിക്കുന്ന സ്കൂളിന്‍റെ ഉടമസ്ഥാവകാശം വില്‍പത്രപ്രകാരം തങ്ങള്‍ക്കാണെന്നാണ് യാക്കോബായസഭാ വിശ്വാസികളുടെ അവകാശവാദം. ചടങ്ങില്‍ പങ്കെടുക്കാന്‍ ഓര്‍ത്തഡോക്സ് സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വീതീയന്‍ കാതോലിക്ക ബാവ എത്തിയതോടെ യാക്കോബായ സഭാവിശ്വാസികള്‍ പ്രതിഷേധം ആരംഭിച്ചു. അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന സ്കൂളില്‍ മതപരമായ ചടങ്ങുകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സ്കൂളിലേക്ക് തള്ളിക്കയറാന്‍ ശ്രമമുണ്ടായതോടെ വാക്കുതര്‍ക്കവും,സംഘര്‍ഷവുമായി. ഇരുവിഭാഗങ്ങളിലുമുള്ളവര്‍ സ്കൂള്‍ പരിസരത്ത് തടിച്ചു കൂടിയതോടെ സംഘര്‍ഷം വര്‍ദ്ധിച്ചു. റൂറല്‍ എസ്‍പിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം എത്തിയാണ് രംഗം ശാന്തമാക്കിയത്.
തര്‍ക്കം മൂര്‍ച്ഛിച്ചതോടെ യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ സ്കൂളിന് മുന്നില്‍ നിരാഹാരം ആരംഭിച്ചിട്ടുണ്ട്. വിഷയം പരിഹരിക്കുന്നത് വരെ നിരാഹാരം തുടരുമെന്നാണ് കാതോലിക്ക ബാവ അറിയിച്ചിരിക്കുന്നത്