11:59 am 11/10/2016
ചെന്നൈ: തമിഴ്നാട്ടിൽ ഭരണ സ്തംഭനമെന്ന് ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി. സംസ്ഥാനത്തെ ഭരണ കാര്യങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ ഇടക്കാല സംവിധാനം കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിനോടും ഗവർണറോടും ആവശ്യപ്പെടുന്ന കത്തിലാണ് കരുണാനിധിയുടെ പ്രസ്താവന.
സംസ്ഥാനത്തെ ഭരണ സംവിധാനം ഇപ്പോൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നറിയില്ല. മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതിനാൽ മന്ത്രിമാരെല്ലാം ചുമതല മറന്ന് ആശുപത്രിയിൽ തന്നെ തുടരുകയാണ്. മുഖ്യമന്ത്രിയുടേതുൾപ്പെടെ പല വകുപ്പുകളിലും ഫയലുകൾ കെട്ടിക്കിടക്കുകയാണ്. ഇവയെല്ലാം തീർപ്പാക്കുന്നതെങ്ങനെയാണെന്നും സംസ്ഥാനത്തെ ഭരണസ്ഥിതിയെക്കുറിച്ച് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും കരുണാനിധി കത്തിൽ പറയുന്നു.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലയിൽ മാറ്റമില്ലാതെ തുടരുകയാണെന്നാണ് അപ്പോളോ ആശുപത്രിയിലെ അവസാനിമിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നത്. കൃത്രിമ ശ്വാസം നൽകുന്നത് തുടരുകയാണെന്നും ശ്വാസ കോശത്തിലെ തടസം ഗുരുതരമാണെന്നുമാണ് സൂചന. എയിംസ് ആശുപത്രിയിലെ വിദഗ്ദ ഡോക്ടർമാർ ജയലളിതയെ ഇടവേളകളിലെത്തി പരിശോധിക്കുകയാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നോ നാളെയോ ജയലളിതയെ സന്ദർശിക്കാനെത്തിയേക്കും.